- പിആർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് സിപിഐയുടെ സംരക്ഷണം. വിവാദം പാർട്ടിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. വി. ചാമുണ്ണിയുടെ ആവശ്യമാണ് ബിനോയ് വിശ്വം നിരാകരിച്ചത്. നിർവാഹക സമിതിയിലെ മറുപടി പ്രസംഗത്തിലും ബിനോയ് വിശ്വം പിആർ വിവാദം പരാമർശിച്ചില്ല. സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെതിരെ പാർട്ടിയിൽ കടുത്ത അതൃപ്തിയാണുള്ളതെന്നാണ് വിവരം.
- രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി പി.വി. അൻവർ എംഎൽഎ. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടു.ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.
- സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് സിപിഎം. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് സിപിഎം. പത്തിന് മുൻപ് പ്രഖ്യാപനം വരുമെന്ന് കണക്ക് കൂട്ടിയാണ് പാർട്ടിയുടെ നീക്കങ്ങൾ. 11 ന് സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച നടക്കുമെന്നാണ് വിവരം. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്. അതിനാൽ തന്നെ മികച്ച സ്ഥാനാർത്ഥികളെ ഇറക്കാനായിരിക്കും സിപിഎമ്മിൻ്റെ നീക്കം. വയനാട് ലോക്സഭാ മണ്ഡലത്തിന് പുറമെ പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
- മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു.നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.കോടതി ഉത്തരവ് വ്യക്തിപരമായി തൻറെ മാത്രമല്ല, ഭാരതീയ ജനതാപാർട്ടിക്കാകെ ഉണർവേകുന്നതാണന്നും വി.മുരളീധരൻ പറഞ്ഞു.
- മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നു മുതിർന്ന ബിജെപി നേതാവ് സി കെ പദ്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുത്. കാട്ടിലെ പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ എം എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോയെന്നും പൂരംകലക്കൽ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കെ പദ്മനാഭൻ പറഞ്ഞു.
- കെഎസ്യു പ്രവർത്തകൻറെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ് എൻ കോളേജിലെ കെഎസ്യു പ്രവർത്തകൻ അഫ്സലിനെയാണ് എസ് എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. എസ് എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ് എൻ കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജിൽ പുറമേ നിന്നുള്ള കെ എസ് യു – എസ് എഫ് ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി.
- നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ച് നടൻ സിദ്ദിഖ്. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയിൽ വഴി അറിയിച്ചിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ അടുത്തായാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.
- വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ ദേശീയ ദുരിതാശ്വാസനിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ഇതുവരെ തുക അനുവദിക്കാത്തതിനു ഹൈക്കോടതി കേന്ദ്ര സർക്കാരിൽനിന്നു വിശദീകരണം തേടി.അഡീഷനൽ സോളിസിറ്റർ ജനറൽ 18നു മറുപടി നൽകണം.
- വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു രാമചന്ദ്രൻ. അദ്ദേഹം അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായിരുന്നു.
- എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം.
- പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ സാധനങ്ങൾ കാണാതായെന്ന് പരാതി. ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർത്ഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. സാധനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി. പൊലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം എന്നും ബന്ധുക്കൾ പറയുന്നു.
- സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന ഒക്ടോബർ 23 ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം എന്നാവശ്യപെട്ട് സമൻസ് അയക്കാൻ കോടതി നിർദ്ദേശം നൽകി. രാഹുൽ ലണ്ടനിൽ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിൻ്റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്.
- മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അമേരിക്ക. ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നൽകുക പ്രയാസമാണെന്നും അമേരിക്കൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
- ഇറാനി കപ്പ് ക്രിക്കറ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ശേഷിച്ച പ്രതീക്ഷകളും തല്ലിക്കെടുത്തി സെഞ്ചറിയുമായി തനുഷ് കൊട്ടിയനും അർധസെഞ്ചറിയുമായി മോഹിത് അവാസ്തിയും. ഒൻപതാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി മിന്നിയ ഇവരുടെ മികവിൽ മത്സരം സമനിലയിൽ എത്തിച്ച് മുംബൈ കിരീടം ചൂടി
ഇന്നത്തെ പ്രധാനവാര്ത്തകള്
രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി പി.വി. അൻവർ
Leave a comment