തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വിമതർ ബന്ദികളാക്കിയ എല്ലാ ട്രെയിൻ യാത്രക്കാരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. ഉപരോധത്തിലും തുടർന്നുള്ള സൈനിക നടപടിയിലും 28 സൈനികർ കൊല്ലപ്പെട്ടു. “ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു, 30 ലധികം തീവ്രവാദികൾ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു,” ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനിലെ യാത്രക്കാരായ 27 ഓഫ് ഡ്യൂട്ടി സൈനികർ ഉൾപ്പെടെ 28 സൈനികർ ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തില്‍ വെച്ച് റെയില്‍ പാളം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിൻ റാഞ്ചിയത്. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. ഒമ്പത് കോച്ചുകളുള്ള ട്രെയിനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500ഓളം യാത്രക്കാരുണ്ടായിരുന്നു. ബലൂചിസ്താൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധസംഘടനയാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നാണ് ബിഎല്‍എയുടെ ആവശ്യം.