റാവല്‍പിണ്ടി: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് ജയത്തോടെയാണ് ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയത് (2-0). പാകിസ്താനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്. നേരത്തേ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.
പാകിസ്താന് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സാക്കിര്‍ ഹസന് (40), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന് ഷാന്റോ (38), മോമിനുള്‍ ഹഖ് (34), ഷദ്മാന്‍ ഇസ്ലാം (24) എന്നിവര്‍ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുഷ്ഫിഖുര്‍ റഹീം (22), ഷാക്കിബ് അല്‍ ഹസന് (21) എന്നിവര്‍ പുറത്താകാതെ നിന്നു.
ഒന്നാം ഇന്നിങ്സില്‍ നേരിട്ട ബാറ്റിങ് തകര്‍ച്ചയെ അതിജീവിച്ചാണ് ബംഗ്ലാദേശ് ചരിത്ര ജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ 274 റണ്‍സെടുത്ത പാകിസ്താനെതിരേ ഒരു ഘട്ടത്തില്‍ ആറിന് 26 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിന് രക്ഷയായത് ലിട്ടണ്‍ ദാസിന്റെ സെഞ്ചുറിയും (138), മെഹിദി ഹസന്റെ അര്‍ധ സെഞ്ചുറിയുമായിരുന്നു (78). ഇതോടെ ഒന്നാം ഇന്നിങ്സില്‍ 12 റണ്‍സിന്റെ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സില്‍ പാക് ടീമിനെ വെറും 172-ന് പുറത്താക്കി മത്സരത്തില്‍ ആധിപത്യം നേടുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹസന് മഹ്മൂദും നാലു വിക്കറ്റ് വീഴ്ത്തിയ നാഹിദ് റാണയുമാണ് പാകിസ്താനെ തകര്‍ത്തത്.