പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് വന്‍ദുരന്തം. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ കല്ലിക്കോട് വച്ച് കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അമിത വേഗതയിലായിരുന്ന കാര്‍ ലോറിയിലേക്ക് വന്ന് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി.
സംഭവശേഷം സ്ഥലം വിട്ട ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.