പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷാനിബ്. പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും എതിരെ ആഞ്ഞടിച്ച ശേഷമാണ് ഷാനിബ് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
വിഡി സതീശന് ധാര്‍ഷ്ട്യം, മുഖ്യമന്ത്രിയാകാന്‍ എല്ലാവരെയും ചവിട്ടി മെതിച്ചു, ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുന്നു, സതീശനും ഷാഫി പറമ്പിലും തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്, തന്റെ സമുദായത്തില്‍ നിന്ന് മറ്റൊരു യുവനേതാവും വളര്‍ന്ന് വരാന്‍ ഷാഫി അനുവദിക്കുന്നില്ല, ഇങ്ങനെ നീളുന്നു ആരോപണങ്ങള്‍.

കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഷാനിബിനെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയത്. നേതൃത്വത്തിനെതിരായ പരസ്യവിമര്‍ശനത്തിന് പിന്നാലെയായിരുന്നു നടപടി. താഴെത്തട്ടിലെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുവന്ന യുവനേതാവാണ് ഷാനിബ്.
കെഎസ്യുവിന്റെ ജില്ലാ അധ്യക്ഷപദവും വഹിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്. സരിന്റെ പോക്കിനെ നിസാരവത്കരിച്ചത് പോലെ ഷാനിബിനെ കാണാനാകില്ല. ഷാനിബ് പിടിക്കുന്ന ഓരോ വോട്ടും കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്നാണ് കുറയുക. വളരെ ശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തില്‍ ഇത് യുഡിഎഫിന് വെല്ലുവിളിയാകും. ഷാനിബിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തുമെന്നാണ് മനസിലാക്കുന്നത്.

വിമതശബ്ദം ഉയര്‍ത്തുന്നവരുമായി ചര്‍ച്ച നടത്തി കൂടെക്കൂട്ടാന്‍ മുതിര്‍ന്ന നേതാക്കളായ ബെന്നി ബെഹന്നാന്, അടൂര്‍ പ്രകാശ് എന്നിവരെ കെപിസിസി നിയോഗിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഇടഞ്ഞ് നിന്ന ഡിസിസി സെക്രട്ടറി ടി. വൈ ഷിഹാബുദീന്‍ പിണക്കം മറന്ന് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
ഒരു വര്‍ഷം മുന്‍പ് പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പോകുന്നവര്‍ പോകട്ടെ എന്ന നിലവിലെ നേതൃത്വത്തിന്റെ നിലപാടിനെതിരെ നിരവധി മുതിര്‍ന്ന നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ അപശബ്ദങ്ങളെ ഇല്ലാതാക്കി, ഓരോ വോട്ടും ഉറപ്പിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ ഇത്തവണത്തെ പോരില്‍ മുന്നിലെത്താന്‍ കഴിയു എന്ന ഉറച്ച ബോധ്യം നേതൃത്വത്തിനുണ്ട്.
ഇതിന് പുറമെ പിവി അന്‍വര്‍ പിന്തുണയ്ക്കുന്ന എംഎം മിന്‍ഹാജും കോണ്‍ഗ്രസിന് തലവേദനയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ പിരായിരി, മാത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് മിന്ഹാജിന്റെ പ്രവര്‍ത്തനം. ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ഈ പഞ്ചായത്തുകളില്‍ നിന്ന് വോട്ട് നഷ്ടപ്പെടുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഇത് മുന്നില്‍ക്കണ്ടാണ് അന്‍വര്‍ കോണ്‍ഗ്രസിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് വിഡി സതീശന് ഇന്ന് പ്രതകരിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കില്ല. യുഡിഎഫിനോട് വിലപേശാന്‍ അന്‍വര്‍ വളര്‍ന്നിട്ടില്ല. അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഇല്ലെന്നാണ് സതീശന് പറയുന്നത്. എന്നാല്‍ അങ്ങനെയല്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
കെപിസിസി അധ്യക്ഷനും തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അത്ര കടുപ്പിക്കാതെയാണ് അന്‍വറിനോട് പ്രതികരിക്കുന്നത്. അതിന്റെ ആത്മവിശ്വാസത്തിലാണ് കെപിസിസിയുടെ വാതിലും ജനലുകളും തുറന്ന് കിടക്കുകയാണെന്ന അന്‍വറിന്റെ പ്രതികരണം. മാത്രവുമല്ല, ഈ വിഷയം സതീശന്-അന്‍വര്‍ ഏറ്റുമുട്ടല്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു..
സതീശനെതിരെ അന്‍വര്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നില്ല, സതീശന് തന്നെയാണ് മറുപടി നല്‍കുന്നത്. സതീശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്നത്. ആര്‍എസ്എസ് ചാപ്പ കുത്തി സതീശനെ ഒറ്റപ്പെടുത്തുകയും അതുവഴി എതിരാളികള്‍ ഉന്നയിക്കുന്ന ആരോണങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നു..
സതീശന് പിടിവാശി വിട്ട് തന്നോട് അഭ്യര്‍ത്ഥനയുടെ ഭാഷയുമായി എത്താത്തതാണ് അന്‍വറിനെ ചൊടിപ്പിക്കുന്നതെന്നാണ് വിലയിരുത്താന്‍ കഴിയുന്നത്. സതീശന് തന്റെ കാല് പിടിക്കട്ടെ, എന്നിട്ട് നിലപാട് മയപ്പെടുത്താം എന്നതാകും നിലമ്പൂര്‍ എംഎല്‍എയുടെ ഉദ്ദേശം.

ഉപതെരഞ്ഞെടുപ്പുകളില്‍ ഒരു കിങ് മേക്കര്‍ പരിവേഷം സൃഷ്ടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് അന്‍വര്‍. അങ്ങനെ കേരളരാഷ്ട്രീയത്തില്‍ പിടിച്ച് നിന്ന് ഭാവി ഭദ്രമാക്കുക. അതിനാണ് വിജയസാധ്യത ഇല്ലാഞ്ഞിട്ടും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അംഗീകരിക്കാനാകാത്ത ഉപാധികള്‍ വച്ച് കോണ്‍ഗ്രസിനോട് വിലപേശുന്നത്.
സതീശനല്ല കോണ്‍ഗ്രസിന്റെ അവസാന വാക്കെന്ന് അന്‍വര്‍ പറയുന്നു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കള്‍ തന്നെ ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കുന്നു. അങ്ങനെ അന്‍വര്‍ മുതല്‍, പാര്‍ട്ടി വിട്ട സരിന്, ഷാനിബ് എല്ലാവരും സതീശനെതിരെ ബിജെപി ബന്ധം ആരോപിക്കുകയാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും.
അന്‍വര്‍ യുഡിഎഫിനൊപ്പം നിന്നാല്‍ ഒരുപാട് സ്കോപ്പ് ഉണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നു, ജനാധിപത്യ ശക്തികള്‍ക്കൊപ്പം നിന്നാല്‍ അന്‍വറിന്റെ രാഷ്ട്രീയ ഭാവി ഭദ്രമാകുമെന്ന് കെപിസിസി അധ്യക്ഷനും ഉറപ്പ് നല്കുന്നു.