തിരുവനന്തപുരം: 34 വർഷങ്ങൾക്ക് മുമ്പ് ജയിലിൽ നിന്നിറങ്ങി ഒളിവിൽ പോയ പ്രതി തിരിച്ചെത്തി. കാട്ടാക്കട നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലാണ് സംഭവം. വധക്കേസ് പ്രതിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്കരൻ (65)ആണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയത്. ശിഷ്ടകാലം തനിക്ക് ജയിലിൽ കഴിയണമെന്ന ആവശ്യവുമായാണ് ഭാസ്കരൻ തുറന്ന ജയിലിൽ എത്തിയത്. ഇയാളുടെ ആവശ്യപ്രകാരമുള്ള അന്വേഷണത്തിൽ പരോളിൽ മുങ്ങിയവരിൽ ഭാസ്ക്കരനെന്ന പേരുകാരനുണ്ടെന്ന് ജയിൽ അധികൃതർ കണ്ടെത്തി. പക്ഷെ, 34 വർഷം മുമ്പ് മുങ്ങിയ ആളാണോ ഇതെന്ന് കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകൾ ജയിൽ ജീവനക്കാർ പരിശോധിച്ചു വരികയാണ്. ആൾ മാറാട്ടമോ എന്നും പോലിസ് അന്വേഷിക്കും. അതുവരെ ഇയാൾ പൊലീസ് കസ്റ്റഡിയിലായിരിക്കും. പരിചയക്കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 35 വർഷങ്ങൾക്ക് മുമ്പ് ഭാസ്കരൻ എന്നയാളെ വധക്കേസിൽ ശിക്ഷിച്ചിരുന്നു.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇടുക്കി നെടുങ്കണ്ടം പ്രകാശ് ഗ്രാമം സ്വദേശിയായ ഭാസ്കരൻ 1991 ഫെബ്രുവരി 11നാണ് തുറന്ന ജയിലിൽ നിന്ന് പരോളിനിറങ്ങി മുങ്ങിയത്. തിങ്കളാഴ്ച നാടകീയമായി ജയിലിലെത്തിയ ഭാസ്കരൻ താനാണ് പണ്ടു മുങ്ങിയ പുള്ളിയെന്ന് അറിയിച്ചെങ്കിലും അധികൃതർക്ക് ഇതുവരെയും ഉറപ്പിക്കാനായിട്ടില്ല. രജിസ്റ്ററിൽ ഭാസ്കരന്റെ ചിത്രവും ഇല്ല. കയ്യിലുള്ള ആധാർകാർഡിലെ പേര് കാസർകോട് കടമ്പാർ വിലാസത്തിലെ രാമദാസ് എന്നുമാണ്. ആൾ ഇതുതന്നെ എന്ന് ഉറപ്പാക്കാൻ പൊലീസ് അന്വേഷണവും റിപ്പോർട്ടും ലഭിക്കണം. മുങ്ങിയ ഭാസ്കരൻ അല്ലെങ്കിൽ ആൾമാറാട്ടത്തിനാവും കേസ് രജിസ്റ്റർ ചെയ്യുന്നത്. ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് മഞ്ചേശ്വരത്തുനിന്ന് വിവാഹം കഴിച്ച് കുടുംബസമേതം ജീവിക്കുകയായിരുന്നെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.