കോട്ടയം: മതവിദ്വേഷ പരാമർശം സംബന്ധിച്ച കേസിൽ ബിജെപി നേതാവ് പിസി ജോർജ് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ല.ഇന്ന് ഉച്ചയ്ക്ക് ഹാജർ ആകണമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ വരുന്ന തിങ്കളാഴ്ച ഹാജാരാകുമെന്ന് മകൻ ഷോൺ ജോർജ് ഈരാറ്റുപേട്ട സ്റ്റേഷനിൽ അറിയിച്ചു. ഇത് സംബന്ധിച്ച കത്തും പുറത്തിറങ്ങിയിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് ഇന്ന് രണ്ടുതവണ പിസി ജോർജിന്റെ വീട്ടിലെത്തിയിരുന്നു.
പിസി ജോർജ് വീട്ടിൽ ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ചാനൽ ചർച്ചകളിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പിസി ജോർജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ ജാമ്യം നൽകില്ലെന്നാണ് വിഷയത്തിൽ സിംഗിൾ ബെഞ്ച് സ്വീകരിച്ച നിലപാട്.