തിരുവനന്തപുരം: പെരിയ കൊലക്കേസിലെ വിധിയോടെ തുറന്നുകാട്ടപ്പെട്ടത് സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കൊലപാതകം നടന്നപ്പോൾ മുതൽ സിപിഎം ആവർത്തിച്ച് പങ്കില്ലെന്ന നിലപാടാണ് പറഞ്ഞിരുന്നത്. അത്തരം വാദങ്ങളെ പൊളിഞ്ഞുകൊണ്ടാണ് ഇന്നത്തെ വിധി പുറത്തേക്ക് വന്നത്.
ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊലയാളികളെ സംരക്ഷിക്കുവാൻ സിപിഎം ഏതറ്റം വരെയും പോയി. അതെല്ലാം ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്നുവീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. ചില പ്രതികളെ കുറ്റം വിമുക്തമാക്കിയതിൽ കോൺഗ്രസ് നിയമ പോരാട്ടം തുടരും. പെരിയ കേസിലെ വിധി സർക്കാരിന്റെ മുഖത്തടിച്ച പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ കോടതിവിധിയെ സ്വാഗതം ചെയ്തു. ചിലർ രക്ഷപ്പെട്ടതിൽ ആലോചനകൾ നടത്തിയ ശേഷം അപ്പീൽ പോകുമെന്നും കുടുംബം പ്രതികരിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ളവർ വിധി വന്നശേഷം ഇവരുടെയും രക്ഷകർത്താക്കളുമായി കുടിക്കാഴ്ച്ച നടത്തി.