പെരിയ ഇരട്ടക്കൊല കേസിലെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എംകെ ഭാസ്കരന് എന്നിവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.
അഞ്ച് വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചിരുന്നത് . ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിധി വേദനാജനകമെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു. വിഷയത്തിൽ നിയമ വഴികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ശിക്ഷ കൂട്ടാൻ വേണ്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഐഎം നേതാക്കളെ എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.