കൊച്ചി: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ എമ്പുരാന് സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.വി. വിജേഷ് ഹര്‍ജി നല്‍കിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന് തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
എമ്പുരാന് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഈ സാഹചര്യത്തില്‍ എത്രയും വേഗം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചിത്രം രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ ഏജന്‍സികളെയും മോശമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ, വിതരണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു എങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് എന്ന് ഹര്‍ജിയില്‍ പറയുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ തന്റെ ചിത്രങ്ങളിലൂടെ നിരന്തരമായി എന്‍ഡിഎ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും
ഹര്‍ജിയില്‍ പറയുന്നു. മാത്രവുമല്ല ഇ.ഡിയുടെ അന്വേഷണം നേരിടുന്നവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കളെന്നും അവരാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയേയും സത്യസന്ധതയേയും സിനിമയിലൂടെ ചോദ്യം ചെയ്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ചിത്രത്തിന്റെ റിലീസിനു ശേഷം എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ മോഹന്‍ലാല്‍ സമൂഹമാധ്യമത്തിലൂടെ ഖേദം പ്രകടനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് കൂടുതല്‍ ആളുകള്‍ കാണുന്നതിനു വേണ്ടിയുള്ള മാര്‍ക്കറ്റിങ് തന്ത്രമായാണെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ റിലീസിനു ശേഷം ജനങ്ങള്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചും മറ്റും സജീവമായി ചര്‍ച്ച ചെയ്യുകയും ഇതു സംബന്ധിച്ച കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ചിത്രവുമായി ബന്ധപ്പെട്ട് കലാപത്തിന് ആരെങ്കിലും ആസൂത്രണം നടത്തിയിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.