മോഹന്‍ലാൽ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനംചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിര്‍ സിന്ദ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ദീപക് ദേവ് ഈണം പകര്‍ന്ന ഗാനത്തിന്റെ വരികള്‍ രചിച്ചത് തനിഷ്ക് നബാറും ആലാപനം ആനന്ദ് ഭാസ്കറുമാണ്.
മാര്‍ച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചുകൊണ്ട് മുന്നേറുകയാണ്. ഇതിനോടകം ബുക്ക് മൈ ഷോയില്‍നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിങ് റെക്കോര്‍ഡുകളും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ തകര്‍ത്തു. ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്, സുഭാസ്കരന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.