വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ഒക്ടോബർ 22 വരെ എത്തിയത് 548,40,37,173 കോടി. കിട്ടിയ പണം മുഴുവനും ഖജനാവിൽ തന്നെ ഇപ്പോഴും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും വെബ്സൈറ്റ് തന്നെ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് 1,129.74 കോടിയും 2018, 2019 ലെ പ്രളയത്തിൽ 4,970.29 കോടിയും ലഭിച്ചിരുന്നു. കോവിഡ് സഹായധനത്തിൽ 1,111.15 കോടിയും പ്രളയത്തിന് കിട്ടിയ സഹായത്തിൽ 4,738.77 കോടിയും ചെലവഴിച്ചിട്ടുണ്ട്. കോവിഡ് ധനശേഖരണവും പ്രളയകാലത്തെ ധനശേഖരണവുമെല്ലാം കണക്കിന്റെ കാര്യത്തിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചതായിരുന്നു. പ്രതിപക്ഷം തന്നെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തും എത്തിയിരുന്നു. അതുകൊണ്ട് കൂടിയായിരുന്നു വയനാട് ദുരിതാശ്വാസ ഫണ്ട് വെബ്സൈറ്റ് മുഖാന്തരം പ്രസിദ്ധപ്പെടുത്തിയത്.അതേസമയം, സാലറി ചലഞ്ചിലൂടെ ഇതുവരെ ലഭിച്ച പണമെത്രയെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ജൂലൈ 30 മുതൽ ഒക്ടോബർ 22 വരെ പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച തുകയുടെ കണക്ക് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പക്ഷേ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയും കൈമാറിയിട്ടില്ലെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബറിൽ പിടിച്ചിട്ടും ഒക്ടോബർ 22 ആയിട്ടും കണക്ക് വെബ്സൈറ്റിൽ കൊടുത്തിട്ടില്ല.