ന്യൂഡല്‍ഹി: ഗൗതം അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്കെതിരെ തട്ടിപ്പിനും വഞ്ചനക്കും ന്യൂയോര്‍ക്ക് കോടതി കേസെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. അദാനി നടത്തുന്ന അഴിമതികളില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
അദാനിയുടെ സംരക്ഷകയായ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സൗരോര്‍ജ കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഗൗതം അദാനി, സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.
ഗൗതം അദാനി ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ചെന്ന് വ്യക്തമാണ്. എന്നിട്ടും അദ്ദേഹം ഈ രാജ്യത്ത് സര്‍വ്വ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് രാഹുല്‍ പ്രതികരിച്ചു.