പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ദ്ധരാത്രി പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് പരിശോധന തീര്‍ത്തും ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ പ്രതികരണം.
സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണം. പാലക്കാട്ടെ ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നും ഇരുപതാം തീയതി ഇതിനെതിരെ അവര്‍ പ്രതികരിക്കുമെന്നും രാഹുല്‍ മറുപടി നല്കി.
സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശവും രാഹുല്‍ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. മുന്‍ എംഎല്‍എ എന്തിനാണ് രാത്രി വാതില്‍ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയില്‍ പൊലീസുകാര്‍ ഇത്തരത്തില്‍ കയറിയാല്‍ സിപിഎഐഎം പൊലീസ് സ്റ്റേഷന് കത്തിക്കില്ലേ? എന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.
തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് പാലക്കാട് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പരിശോധന നടന്നത്.ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എഎസ്പി അശ്വതി ജിജി പറഞ്ഞു.