ബംഗളൂരു: ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്കെതിരെയാണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾ ചേർന്നാണ് പൂക്കളം ഒരുക്കിയത്. ഫ്ലാറ്റിലെ കോമൺ ഏരിയയിൽ പൂക്കളമിട്ടതിന് എതിർപ്പുമായി സിമി നായര് വരികയായിരുന്നു. പൂക്കളമിട്ടവരുമായി ഇവർ വാക്കേറ്റത്തിലാവുകയും പിന്നാലെ പൂക്കളം ചവിട്ടി നശിപ്പിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ഓണസദ്യ പാർക്കിങ് ബേയിലേക്ക് മാറ്റേണ്ടിവന്നിരുന്നു. പൂക്കളം ചവിട്ടി നശിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയായിരുന്നു. തുടർന്നാണ്, ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി വീട്ടമ്മ പൊലീസിൽ പരാതി നല്കിയത്.