മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ വിദ്യാർത്ഥിനികളെ അശ്ലീല വിഡിയോ കാണിച്ചതിന് ഗവ. സ്കൂൾ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. അശ്ലീല വിഡിയോ കാണിക്കുന്നതായി പെൺകുട്ടികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുംബൈക്ക് സമീപമുള്ള ബദ്ലാപൂർ പട്ടണത്തിലെ സ്കൂളിൽ രണ്ട് കെ.ജി പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. കാസിഖേഡിലെ ജില്ലാ പരിഷത്ത് സ്കൂളിൽ ജോലി ചെയ്യുന്ന 47കാരനായ അധ്യാപകനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഊരാൾ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം കഴിഞ്ഞ നാല് മാസമായി ഇയാൾ അശ്ലീല വിഡിയോകൾ കാണിക്കുന്നുണ്ടെന്ന് ആറ് പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു.
കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോഴാണ് കുറ്റകൃത്യം പുറത്തറിയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്കൂളിലെത്തി പെൺകുട്ടികളുമായി സംസാരിച്ചതിനെ തുടർന്നാണ് കേസെടുത്തത്. അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമീഷൻ മുൻ അംഗം ആശാ മിർഗെ ആവശ്യപ്പെട്ടു.