മധുര : മാസപ്പടിക്കേസിൽ ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും കേസിൽ അന്വേഷിക്കാൻ ഒന്നുമില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയതാണെന്നും വ്യവസായ മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതാണെന്നും അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി . അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണയെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത് . മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിലാണ് പണം ലഭിച്ചത്, അതുകൊണ്ട് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
ഒരു നിമിഷം പോലും വൈകാതെ രാജിവേണമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആവശ്യം. അതേസമയം ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും.