കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥന്റെ മുറിയിലുളള സാധനങ്ങള്‍ കാണാതായെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും ഉള്‍പ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ത്ഥന്റെ സാധനങ്ങളെടുക്കാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം.
പൊലീസും സിബിഐയും സാധനങ്ങള്‍ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം. സാധനങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കള്‍ കോളേജിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് മുന്‍പുള്ള മൂന്ന് ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് തെളിഞ്ഞതോടെ റാഗിങ് നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.