ബെംഗളുരു: സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി കര്‍ണാടകയിലെ മൈസൂരുവില്‍ സംഘര്‍ഷം. ഉദയഗിരി പൊലീസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ഇന്‍ഡ്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള് എന്നിവരുടെ ചിത്രങ്ങള്‍ മുസ്ലിം വിഭാഗത്തിന്റെ സൂചനകളോടെ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടില്‍ സുരേഷ് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.
ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പൊലീസ് സ്റ്റേഷന് ആക്രമിച്ചു. കല്ലേറില്‍ 10 പൊലീസുകാര്‍ക്ക് പരിക്കേറ്റു. വിവാദ പോസ്റ്റിട്ട സുരേഷിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.