തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഈ മാസം 22 ശതമാനത്തിലേക്ക്. 2021 ജൂലൈ മുതലുള്ള കുടിശിക 19 ശതമാനമാണ്. ഈ മാസം കേന്ദ്ര സർക്കാർ ഒരു ഗഡു കൂടി പ്രഖ്യാപിക്കുമ്പോൾ കേരളത്തിലെ കുടിശിക 3% കൂടി 22% ആകും.
തിരഞ്ഞെടുപ്പിനു മുൻപ് ഒരു ഗഡു വിതരണം ചെയ്തിരുന്നു. ഡിഎ കുടിശിക അനുവദിക്കുമെന്നു ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചു നൽകിയ നിവേദനത്തിൽ അധിക സഹായവും അധിക കടമെടുപ്പിനുള്ള അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.
സർവീസ് സംഘടനകളുടേതടക്കം 9 ഹർജികളാണ് ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിലുമായുള്ളത്. പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ 3 ഗഡുക്കൾ നൽകിയെങ്കിലും സർക്കാർ ജീവനക്കാർക്കുള്ള ശമ്പളപരിഷ്കരണ കുടിശികയിൽ ഒരു ഗഡു പോലും ഇതുവരെ നൽകിയിട്ടില്ല. ആകെയുള്ള 4 ഗഡുക്കളിൽ ഇതുവരെയുള്ള 3 ഗഡുക്കളും കുടിശികയാണ്. നവംബറിലാണ് നാലാം ഗഡു നൽകേണ്ടത്. ഒരു ഗഡു ഉടൻ നൽകാനുള്ള ഫയൽ ഇപ്പോൾ ധനമന്ത്രിക്കു മുന്നിലാണ്. മേയിൽ വിരമിച്ച സർക്കാർ ജീവനക്കാരുടെ ആനുകൂല്യം ഇനിയും പൂർണമായി കൊടുത്തുതീർത്തിട്ടില്ല. ഇതിനായി 4000 കോടി രൂപയാണു സർക്കാർ കണക്കുകൂട്ടുന്ന ചെലവ്.