കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്ട്രോള് കമ്മീഷണനെ സമീപിക്കാനൊരുങ്ങുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്ട്രോള് കമ്മീഷനെ സമീപിക്കാനുളള നീക്കം. പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും ദിവ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു.
തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന് ദിവ്യ പ്രതികരിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നോട് വിശദീകരണം തേടാമായിരുന്നുവെന്ന തരത്തില്‍ ചില നേതാക്കളോടും ദിവ്യ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയെ അതൃപ്തിയറിയിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് എടുക്കുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ പറഞ്ഞു.