കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ
ക്ഷണിച്ചിട്ടില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍. പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചു.യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കണ്ണൂര്‍ കളക്ടര്‍ പ്രതികരിച്ചത്.
ജില്ലാ കളക്ടറുടെ പ്രതികരണത്തിന് പിന്നാലെയാണ് സ്റ്റാഫ് കൗണ്‍സിലിന്റെ പ്രതികരണം. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു കളക്ടര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട ആറ് കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.