കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്. മാര്‍ച്ചില്‍ പ്രതിഷേധം ശക്തമായതോടെ ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇത് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന് ഉള്‍പ്പടെയാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രകാശ് ബാബു ആരോപിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി നല്‍കിയില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയതിലടക്കം ദുരൂഹതയുണ്ടെന്നും ഇന്‍ക്വസ്റ്റ് നടത്തിയതിലും നീതി ഉറപ്പാക്കാന്‍ ബിജെപി ശ്രമിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. പ്രകാശ് ബാബുവിനെയും ഹരിദാസനെയും വിട്ടയച്ചതോടെയാണ് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള പ്രതിഷേധം അവസാനിച്ചത്.