ബെംഗളൂരു : ലൈംഗികാതിക്രമകേസിൽ അറസ്റ്റിലായ മുൻ എംപിയും ജനതാദൾ (എസ്) നേതാവുമായ പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രജ്വലിനെ കാണാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്നും ശേഷം വീഡിയോ ചിത്രീകരിച്ചെന്നുമുള്ള കേസിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജൂൺ 12ന് രേവണ്ണയ്ക്കെതിരെ ബെംഗളൂരുവിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വീഡിയോ കോളിന്റെ പേരിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ലൈംഗികാതിക്രമം, വേട്ടയാടൽ, ഭീഷണിപ്പെടുത്തൽ, ഐടി നിയമത്തിന്റെ സ്വകാര്യത ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രജ്വൽ നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2020–21 വർഷങ്ങളിൽ പലതവണ ഇത്തരം നഗ്ന ദൃശ്യങ്ങൾ പ്രജ്വൽ പകർത്തിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്ത രണ്ടുപേരും വനിതാ നേതാവും ഒരു വീട്ടമ്മയുമടക്കം നാലു പേരാണ് പ്രജ്വലിനെതിരെ പരാതി നൽകിയത്.
പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. ഫോറൻസിക് പരിശോധനയിൽ പീഡനദൃശ്യങ്ങൾ യഥാർഥമാണെന്ന് സ്ഥിരീകരിച്ചു.