മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് പുതുവർഷം പിറന്നതും മുന്നോട്ടുപോകുന്നതും. പുതിയ കാലത്തിന്റെ പല കാട്ടിക്കൂട്ടലുകളിലും പൊതുസമൂഹം ഒന്നാകെ മരവിച്ച മനസ്സുമായാണ് കഴിയുന്നത്. കേട്ടാൽ രക്തം മരക്കുന്ന കൊലപാതക പരമ്പരകൾ. അമ്മയെയും, അച്ഛനെയും പെങ്ങളെയും തിരിച്ചറിയാതെ കൗമാര ചൂടിൽ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ചെയ്ത് കൂട്ടുന്ന തോന്നിവാസങ്ങൾക്ക് അറുതിയില്ലെന്ന് മാത്രമല്ല, ചോര കണ്ട് അറപ്പുമാറാത്ത ഇവറ്റകൾക്ക് ഇത്തരം ചെയ്തികൾ ചെയ്യുമ്പോൾ വെളിവോ, കുറ്റബോധമോ ഇല്ലെന്നതാണ് മറ്റൊരു സത്യം.
കള്ളിന്റെയും കഞ്ചാവിന്റെയുമൊക്കെ ട്രൻഡ് കഴിഞ്ഞു, ഇപ്പോൾ കേരളത്തിലെ ഭൂരിഭാഗം യുവാക്കളെയും ഭരിക്കുന്നത്, എംഡിഎംഎ പോലുള്ള അതിഭയാനകമായ ലഹരി വസ്തുക്കളാണ്. ആകാശം പോലെ നിരന്ന് കിടക്കുന്ന ലഹരി സംഘങ്ങളുടെ ഉത്ഭവം ഒരിക്കലും അഴിക്കാൻ പറ്റാത്ത കുരുക്കായാണ് ഇന്ന് കേരളത്തിലുള്ളത്. യുവാക്കളിൽ വർധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം എവിടെ നിന്ന് നിയന്ത്രിച്ച് തുടങ്ങണമെന്ന ആശയകുഴപ്പത്തിലാണ് ഇന്ന് സർക്കാരുള്ളത്.
ലഹരി ഉപയോഗ കേസിന്റെ എണ്ണത്തിൽ ഇന്ന് വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. നമ്മുടെ ചുറ്റിലും ഒന്ന് തിരഞ്ഞാൽ കിട്ടും ഇത്തരക്കാരെ ഇഷ്ടം പോലെ. കണ്ണിന് മുന്നിൽ കാണുന്ന തെറ്റുകൾ കണ്ടില്ലെന്ന് ഒരിക്കലും നടിക്കരുത്. ഒരാളെയെങ്കിലും സ്വബോധത്തിലേക്ക് തിരിച്ച് വിളിക്കാൻ സാധിച്ചാൽ അത്രയും നിന്ന്. നാട് നന്നാക്കാൻ ഇറങ്ങി തിരിച്ച പല പ്രമുഖരുടെയും മക്കളും ഇന്ന് ലഹരിക്കടിമയാണ്.
വാർത്തകളിലും മറ്റുമായി ഇതുമായി ബന്ധപ്പെട്ട പല വാർത്തകളും നമ്മൾ കണ്ടിട്ടുമുണ്ട്. ഇത്തരം കേസുകൾ മുക്കി മക്കളെ നന്മമരമാക്കി ഉള്ള അധികാരം ദുർവിനിയോഗം ചെയ്യുന്നവരാണോ യഥാർത്ഥ നേതാക്കളെന്ന ചോദ്യം ഏറെ പ്രസക്തമാണ്. മകനെ അറസ്റ്റ് ചെയ്തത് പ്രശംസിച്ചെത്തിയ ഒരു നേതാവ് കഴിഞ്ഞ ദിവസങ്ങളിലൊക്കെയായി വാർത്തയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എംഡിഎംഎ കേസിൽ മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാതൃകാപരമായ തീരുമാനമാണ് വിഎസ്ഡിപി നേതാവും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ എടുത്തത്.
ലഹരിക്കേസിൽ മകനെ അറസ്റ്റ് ചെയ്ത പൊലീസിന് ചന്ദ്രശേഖരൻ നന്ദി പറയുകയാണ് ഉണ്ടായത്. ഇത് നടന്നില്ലായിരുന്നെങ്കിൽ മകൻ വലിയ വിപത്തിലേക്ക് പോകാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എൻറെ മകനെയും ലഹരിമരുന്നുമായി പിടിച്ചു, സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല, കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്… ലഹരിമരുന്ന് കൊച്ചുകേരളത്തെ വിഴുങ്ങുകയാണ്… നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താൻമാർ വല വിരിച്ചിരിക്കുന്നു.
സ്വന്തം കുടുംബത്തിലും ഇന്ന് അത്തരമൊരു അനുഭവമുണ്ടായി. നാളെ ആർക്കും ഉണ്ടാകാവുന്ന ഒന്ന്. ദീർഘ വർഷങ്ങൾ നീണ്ട പൊതുജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഒരു ലഹരി പദാർത്ഥവും ഒരിക്കലും ഉപയോഗിക്കില്ല എന്ന് മാത്രമല്ല, അതൊക്കെ എല്ലാവരും പൂർണമായി വർജിക്കേണ്ടതാണ് എന്നാണ് എന്നും അഭിപ്രായം. അതുകൊണ്ടുതന്നെ നടന്ന കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയുമില്ല എന്നാണ് മകനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തതിൽ ചന്ദ്രശേഖരന്റെ പ്രതികരിച്ചത്. തന്റെ മകനൊപ്പം സമൂഹവും മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് ആ പിതാവ് അതിയായി ആഗ്രഹിക്കുകയും ചെയ്യുകയുണ്ടായി.
വലിയ സ്വീകാര്യതയാണ് രാഷ്ട്രീയ നേതാവ് കൂടിയായ പിതാവിന് ലഭിച്ചത്. ചന്ദ്രശേഖരനെ പോലെ എല്ലാവരും ചിന്തിച്ചാൽ ഒരുപക്ഷെ നമ്മുടെ കുട്ടികളെ നമ്മുക്ക് ഇത്തരം തെറ്റുകളിൽ നിന്നും പിന്തിരിപ്പിക്കാനാകും. മറിച്ച് നേരത്തെ മകനെ കഞ്ചാവ് കേസിൽ പിടിച്ചപ്പോൾ അധികാരം ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ച യു പ്രതിഭ എംഎൽഎയെ പോലെ മക്കൾ പാസം കാണിക്കാൻ ശ്രമിച്ചാൽ നമ്മൾ തന്നെ നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്നത് പോലെയാണത്. 90 ഗ്രാം കഞ്ചാവുമായാണ് എംഎൽഎ പ്രതിഭയുടെ മകനെ അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ മറ്റ് ഒൻപത് പേരുടെ കൂടെയാണ് മകനെ അറസ്റ്റ് ചെയ്തത്. എന്നാൽ കേസ് വന്നപാടെ മകനെ അറസ്റ്റ് ചെയ്തെന്ന വാർത്ത തെറ്റാണെന്നും മകൻ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നുമാണ് പ്രതിഭ പറഞ്ഞത്.
വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണു പ്രതിഭ നടത്തിയത്. ഡിസംബർ 28നാണ് യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെ കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു എക്സൈസ് അറിയിച്ചിരുന്നു. 30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനുമാണ് കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പു മാത്രമാണു ചുമത്തിയത്.
പക്ഷെ , മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പരാതി കൊടുത്താണ് പ്രതിഭ പ്രതികരിച്ചത്. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്. എംഎൽഎയുടെ മകൻ ഉൾപ്പടെ ഉള്ളവരെ പിടികൂടിയ എക്സൈസ് സംഘത്തിലെ ഉദ്യഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റിയതും വിവാദമായിരുന്നു.
തെറ്റുചെയ്ത മകനു നൽകിയ ഈ പ്രോത്സാഹനത്തിലൂടെ, തെറ്റ് ചെയ്താൽ ഇത്രയൊക്കെ നടക്കു എന്ന സന്ദേശമാണ് പുറത്തേക്കെത്തുന്നതെന്ന് പ്രതിഭ എംഎൽഎ ചിന്തിക്കുന്നില്ല. സമൂഹത്തിലെ വിപത്തായി മാറുന്ന ഇത്തരക്കാർ സ്വന്തം വീട്ടിൽ തന്നെ ഉണ്ട് എന്നറിഞ്ഞിട്ടും വളംകൊടുത്ത് വളർത്തുന്നത് നാടിന്റെ നന്മക്കായി പ്രവർത്തിക്കാനിറങ്ങിയ ഒരു നേതാവാണ് എന്നതാണ് ഏറെ ദുഖകരമായ കാര്യം. പ്രതിഭക്കുള്ള ഒരു മറുപടിയാണ് ചന്ദ്രശേഖരെന്റേത്. പ്രതിഭ എംഎൽഎയുടെ സമീപനത്തെ തിരസ്കരിക്കുകയും ചന്ദ്രശേഖരൻ പറഞ്ഞുവെക്കുന്ന വസ്തുതകളെ ഏറ്റെടുക്കുകയും ആണ് ഇന്നിന്റെ സമൂഹം ചെയ്യേണ്ടത്.