ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ മാനേജറായിരുന്ന സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തെരഞ്ഞെടുത്തു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണള്‍ഡ് ട്രംപാണ് ഈ സ്ഥാനത്തേക്ക് സൂസി വൈൽസിനെ തെരഞ്ഞെടുത്തത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നത്. രാഷ്ട്രീയത്തിൽ മഹത്തായ വിജയങ്ങൾ കൈവരിക്കാൻ എന്നെ സഹായിച്ച ആളാണ് ലൂസിയെന്നും പ്രചാരണങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ വിശ്വസ്ത എന്ന നിലയിൽ സൂസി വൈൽസ് രാജ്യ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആരെല്ലാമായിട്ട് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തണം,സംസാരിക്കണം എന്നീ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള മുഖ്യ പങ്ക് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫിനാണ്.
യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസിയെ നിയമിച്ചത് സ്ത്രീകൾക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണെന്നും സൂസി ഈ സ്ഥാനത്തിന് അർഹയാണെന്നും ട്രംപ് വ്യക്തമാക്കി . സൂസി വൈൽസ് വളരെ കാലമായി ഫ്ളോറിഡയില്‍ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റായി ജോലി ചെയ്തുവരികയാണ്.