ഹോളിവുഡ് താരം കീനു റീവ്സിന്റെ മോഷണംപോയ വാച്ചുകൾ കണ്ടെത്തി. 2023 ഡിസംബറിൽ താരത്തിന്റെ ലോസ് ആഞ്ജലിസിലെ വസതിയിൽനിന്ന് മോഷണംപോയ വാച്ചുകളാണ് ചിലിയിൽനിന്ന് കണ്ടെത്തിയത്. ഏകദേശം ഏഴരലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് ശ്രേണിയിൽപെട്ട വാച്ചാണ്. ഈസ്റ്റേൺ സാന്റിയാഗോയിൽ നടന്ന ഒരു റെയ്ഡിലാണിവ കണ്ടെത്തിയത്.പ്രാദേശികമായി നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് നാല് വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് കീനു റീവ്സ് ഉപയോഗിച്ചിരുന്ന വാച്ചുകൾ കണ്ടു കിട്ടുന്നത്. അതെ സമയം വിലപിടിപ്പുള്ള മറ്റുചില വസ്തുക്കളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കീനു റീവ്സിന്റേതായി കണ്ടെത്തിയതിൽ ഒരെണ്ണം റോളക്സ് സബ്മറൈൻ വാച്ചാണ്. ഇതിൽ അദ്ദേഹത്തിന്റെ പേരും 2021 JW താങ്ക് യൂ, ദ ജോൺ വിക്ക് 5 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
21 വയസുള്ള യുവാവ് മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. 2023 ൽ കീനു റീവ്സിന്റെ വീട്ടിൽ നടന്ന മോഷണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അന്വേഷണസംഘത്തെ ഇത് സഹായിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം ജോൺ വിക്ക് ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. മുൻചിത്രങ്ങളിലേതുപോലെ സംഘട്ടനരംഗങ്ങൾ ചെയ്യാൻ തനിക്ക് സാധിക്കുമോയെന്ന് അറിയില്ലെന്ന് കഴിഞ്ഞദിവസമാണ് റീവ്സ് വ്യക്തമാക്കിയത്. ചെയ്യൂ എന്ന് ഹൃദയം പറഞ്ഞാലും ശരീരം സമ്മതിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.