മുംബൈ : കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുകയാണെന്ന വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റേത് ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണെന്നും പാർട്ടിയെ ഭരിക്കുന്നത് അർബൻ നക്സലുകളാണെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം.
രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ അജണ്ട നടപ്പാക്കാൻ സമുദായങ്ങൾക്കിയിൽ കോൺഗ്രസ് മനഃപൂർവം ഭിന്നത വളർത്തുകയാണ്. ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ അജണ്ട പരാജയപ്പെടുമെന്ന് അവർക്കറിയാം. കോൺഗ്രസിന്റെ അജണ്ടകൾ പരാജയപ്പെടുത്താൻ ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചുനിൽക്കണം – മോദി പറഞ്ഞു.
ഡൽഹിയിൽ ആയിരം കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ഈ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി കോൺഗ്രസ് നേതാവാണ്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി കണക്കാക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യ ഒരു കുടുംബം മാത്രം ഭരിക്കണമെന്ന് അവർ കരുതുന്നു. അതുകൊണ്ടാണ് ബഞ്ചാര സമുദായത്തോട് അവർ എപ്പോഴും അപകീർത്തിപരമായ മനോഭാവം പുലർത്തുന്നതെന്നും മോദി പറഞ്ഞു.