തൃശ്ശൂര്‍: ചരിത്രകാരനും പ്രഭാഷകനും അധ്യാപകനുമായിരുന്ന എം ആര് ചന്ദ്രശേഖര്‍ (95) നിര്യാതനായി. സംസ്കാരം നടത്തി. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിലായിരുന്നു അന്ത്യം.
എം.ആര്.സി എന്ന ചുരുക്ക പേരില്‍ അറിയപ്പെട്ട എം.ആര്. ചന്ദ്രശേഖരന് ജീവിതത്തിന്റെ എല്ലാ മേഖലയിലും അറിയപ്പെട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു. പയ്യന്നൂര്‍ കോളേജിലെ മലയാളം അധ്യാപകനായാണ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കോളേജ് മലയാള വിഭാഗം തലവനായിരുന്നു, അമ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്, മാറ്റി വെച്ച തലകള്‍ എന്ന പുസ്തകം വിവാദങ്ങള്‍ കൊണ്ടും നിലപാടുകൊണ്ടും എറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ച എം.ആര്.സി കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ ആദ്യ കാല നേതാവായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷവുമായി സഹകരിച്ചും , പ്രതിഷേധിച്ചും നിലപാട് സ്വീകരിച്ച എം.ആര്.സിക്ക് അതു കൊണ്ട് തന്നെ ലഭിക്കേണ്ടുന്ന പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയിരുന്നു. നിലപാടിന്റെ കാര്‍ക്കശ്യമാണ് എം.ആര്.സി യുടെ മുഖമുദ്ര. കോളേജിലെ റിട്ടയര്‍മെന്റിന് ശേഷം സ്വദേശമായ തൃശ്ശൂരിലേക്ക് താമസം മാറ്റിയ എം.ആര്. സി അവിടെ ആയിരുന്നു ശിഷ്ടകാലം ജീവിച്ചത്