ന്യൂയോർക്ക്: ഭക്ഷ്യ വസ്തുക്കളിലും ശീതള പാനീയങ്ങളിലും നിറം നൽകാൻ ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന രാസവസ്തു നിരോധിച്ച് അമേരിക്ക. മൃഗങ്ങളിൽ ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മിഠായികളും ചെറികളും ഉൾപ്പെടെ ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക് ഷേക്കുകളിലും അങ്ങനെ ലോകത്തിലെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിൽ നിറം നൽകാനായി ഉപയോഗിക്കുന്ന രാസ വസ്തുവാണിത്.
അമേരിക്കയിൽ ലിപ്സ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളിൽ റെഡ് നമ്പർ 3 കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. എന്നാൽ ഭക്ഷ്യ വസ്തുക്കളിലെ ഉപയോഗം തടയാത്തതു മൂലം അത് തുടർന്നുവന്നു. ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഏതാനും സംഘടനകൾ ഇതിന്റെ ഉപയോഗം പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ക്യാൻസർ സാധ്യതയ്ക്ക് പുറമെ കുട്ടികളുടെ സ്വഭാവത്തേയും ഇത് ബാധിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2027 ജനുവരി 15 വരെ ഭക്ഷ്യ ഉത്പന്ന നിർമാതാക്കൾക്ക് തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്ന് റെഡ് -3 ഒഴിവാക്കാൻ സമയം ലഭിക്കും, മരുന്നുകളും ആരോഗ്യ സപ്ലിമെന്റുകളും ഉണ്ടാക്കുന്ന കമ്പനികൾക്ക് സമയ പരിധിയിൽ ഒരു വർഷം കൂടി ഇളവും അനുവച്ചിട്ടുണ്ട്.