തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്ററി പരീക്ഷ ടൈം ടേബിളിലെ സമയമാറ്റത്തെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവൻകുട്ടി പൊതുപരീക്ഷ ടൈം ടേബിൾ പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണ് എതിർപ്പ് പ്രകടമാക്കി അധ്യാപക സംഘടനകൾ മുന്നോട്ട് വന്നത്.
മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ശേഷമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയിൽ പരീക്ഷ ക്രമീകരിച്ചതും എതിർപ്പിന് കാരണമായിട്ടുണ്ട്. റംസാൻ വ്രതമുണ്ടെന്ന് പരിഗണിക്കാതെയുള്ള ഈ ക്രമീകരണം വ്രതമെടുക്കുന്ന കുട്ടികൾക്ക് മികച്ച രീതിയിൽ പരീക്ഷയെഴുതുന്നതിന് തടസമുണ്ടാക്കും.
വാർഷിക പരീക്ഷക്കൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ കൂടി നടക്കുന്നുണ്ട്. ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരുടെ സേവനവും കൃത്യമായി ഉറപ്പാക്കാനാണ് ഈ ടൈം ടേബിൾ എന്നാണ് ഔദ്യോഗിക വിശദീകരണം.