അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് ആദ്യ ജയം. ഗുജറാത്ത് ടൈറ്റൻസിനെ 11 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ഇന്നിങ്സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഗുജറാത്തിനായി സായ് സുദർശൻ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അഞ്ച് ഫോറുകളും ആറ് സിക്സുകളും ഉള്‍പ്പടെ 41 പന്തില്‍ 74 റണ്‍സാണ് സുദർശൻ നേടിയത്. ബട്ലർ 33 പന്തില്‍ 54 റണ്‍സും നേടി. നാല് ഫോറുകളും ഒരു സിക്സുമാണ് ഇംഗ്ലണ്ട് താരം നേടിയത്. ഷെർഫാനെ റൂഥർഫോർഡ് 28 പന്തില്‍ 46 റണ്‍സും ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ 14 പന്തില്‍ 33 റണ്‍സും നേടി.നേരത്തെ ക്യാപ്റ്റൻ ശ്രേയസ് അയ്യരിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് പഞ്ചാബ് കൂറ്റൻ ടോട്ടല്‍ അടിച്ചെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയാണ് അയ്യർ തിളങ്ങിയത്. 42 പന്തില്‍ പുറത്താവാതെ 97 റണ്‍സാണ് പഞ്ചാബ് നായകൻ നേടിയത്. 230.95 സ്ട്രൈക്ക് റേറ്റിൽ ഒമ്പത് കൂറ്റൻ സിക്സുകളും അഞ്ചു ഫോറുകളുമാണ് താരം നേടിയത്.
ശശാങ്ക് സിങ് 16 പന്തില്‍ പുറത്താവാതെ 44 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. പ്രിയാൻശ് ആര്യ 23 പന്തില്‍ 47 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.