ഏറെ നാളുകൾ നീണ്ടു നിന്ന രാഷ്ട്രീയ സർപ്രൈസുകൾക്കപ്പുറത്തേക്ക് സ്വതന്ത്ര എംഎൽഎ പി വി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായി ഉടക്കിയ അൻവർ ഇടതു ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഡിഎംകെ എന്ന പേരിൽ പാർട്ടി രൂപീകരിച്ചെങ്കിലും അത് വേണ്ട വിധത്തിൽ ഫലം കാണില്ലെന്ന വിലയിരുത്തലിൽ മറ്റു മുന്നണികളെ അൻവർ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അൻവറും ഒപ്പമുള്ളവരും കോൺഗ്രസ് പാർട്ടിയിൽ ചേരും എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ ചുമതലയുള്ള കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അൻവർ ചർച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആയിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഡൽഹിയിലെ കെ സി വേണുഗോപാലിന്റെ വസതിയിലെ ചർച്ച. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം ചർച്ചകൾ നടക്കുമ്പോഴും കോൺഗ്രസിലേക്കുള്ള അൻവറിന്റെ പ്രവേശനം അത്രമേൽ എളുപ്പവുമാകില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ കരുതുന്നത്. കെ. സുധാകരനുമായി അൻവർ മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതില്‍ തെറ്റില്ലെന്ന് നേരത്തെ വി.ടി ബല്‍റാം അടക്കമുള്ള നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ തന്റെ ശക്തി തെളിയിക്കുവാൻ ശ്രമം നടത്തിയിരുന്നു. വയനാടും പാലക്കാടും യുഡിഎഫിന് പിന്തുണയും നല്‍കിയിരുന്നു. ചേലക്കരയില്‍ കെപിസിസി മുന്‍ സെക്രട്ടറി എന്‍.കെ സുധീറിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിപ്പിച്ചു. നാലായിരത്തോളം വോട്ടുകളും സുധീര്‍ സ്വന്തമാക്കിയിരുന്നു. അതേസമയം ചേലക്കരയിലെ സ്ഥാനാർത്ഥിത്വം തന്നെ കോൺഗ്രസിലേക്കുള്ള അൻവറിന്റെ നോട്ടത്തിന് തിരിച്ചടി ആകുവാനും സാധ്യതയുണ്ട്. ചേലക്കരയിൽ രമ്യയുടെ പരാജയത്തിന് ഡിഎംകെ സ്ഥാനാർത്ഥിയുടെ സാന്നിധ്യവും ആക്കംകൂട്ടിയതായി കോൺഗ്രസ് നേതൃത്വം വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെ എതിർ സ്വരങ്ങൾ ഉയരും എന്നത് ഉറപ്പാണ്. അപ്പോഴും മലബാറിൽ കൃത്യമായ സ്വാധീനമുള്ള ഒരാളെ ഒപ്പം നിർത്തുന്നതിന്റെ സാധ്യതകളും പാർട്ടി ചിന്തിച്ചേക്കാം. ഇടതുപക്ഷത്തോട് അകന്ന അന്‍വര്‍ ആദ്യം തമിഴ്നാട്ടിൽ ഭരണത്തിലുള്ള ഡിഎംകെയില്‍ ചേരാനാണ് ശ്രമിച്ചത്. എന്നാല്‍ ഡിഎംകെ ഇതിനോടു താത്പര്യം പ്രകടിപ്പിച്ചില്ല. ഡിഎംകെയുടെ താൽപര്യക്കുറവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ കാരണമായിരുന്ന പിന്നീട് അൻവർ പറഞ്ഞിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പിയുമായും അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ശക്തിയില്ലാത്ത സംഘടനകളിലേക്ക് ചേക്കേറുന്നത് വലിയ മുന്നേറ്റത്തിന് വഴി വയ്ക്കില്ലെന്ന് അൻവർ തിരിച്ചറിയുകയായിരുന്നു. ഡൽഹിയിലെ ചർച്ചകളിൽ തീരുമാനമായാൽ അൻവർ കോൺഗ്രസിന് കൈ കൊടുക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എപ്പോഴും ഒരു ആശങ്കയായി നിലനിൽക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം അൻവറിനെ എങ്ങനെ പരിഗണിക്കും എന്നതാണ്. സ്വാഭാവികമായും നിലമ്പൂർ സീറ്റിൽ വർഷങ്ങളായി നോട്ടമിട്ട് പ്രവർത്തിക്കുന്ന ആര്യടൻ ഷൗക്കത്തിനെ പോലുള്ളവർ മണ്ഡലത്തിന് വേണ്ടി ഏതറ്റം വരെയും പോയേക്കാം. അങ്ങനെ വരുമ്പോൾ മറ്റൊരു സീറ്റ് അൻവറിന് നൽകേണ്ടതായി വരും. അതായത് അൻവർ കോൺഗ്രസിലേക്ക് എത്തിയാലും പിന്നെയും കുറെയധികം ചർച്ചകളും തുടർ ചർച്ചകളും വേണ്ടിവരുമെന്ന് സാരം.