മലപ്പുറം:ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍.ഫേസ്ബുക്ക് പേജില്‍ കേരളത്തിന്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിന്റെയും മാപ്പ് ഇട്ടുകൊണ്ടാണ് എംഎല്‍എയുടെ പരിഹാസം.’കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം മാപ്പുണ്ട്, നിലമ്പൂരിന്റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്.’-എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.ഇന്നലെ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷന് അന്‍വറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അന്‍വര്‍ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഫേസ്ബുക്കില്‍ മാപ്പ് ചിത്രങ്ങളുമായി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷന് സമ്മേളന പരിപാടിക്ക് എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി ശശിധരന് പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിടുകയായിരുന്നു.