കുറച്ചു പിന്നോട്ടു പതുങ്ങിയെങ്കിലും രാഷ്ട്രീയ കേരളത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് പി വി അൻവർ. ഏറെ നാളുകൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇടയിലായിരുന്നു അൻവർ തൃണമൂൽ കോൺഗ്രസുമായി കൈകോർക്കുന്നത്. പിന്നീടങ്ങോട്ട് കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളോടെയുള്ള സഞ്ചാരമായിരുന്നു അൻവർ നടത്തിയിരുന്നത്. കേരളം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വന്യജീവി അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാനതകളില്ലാത്ത ഇടപെടലായിരുന്നു അൻവർ നടത്തിയത്. അതുവഴി മലയോര ജനതയുടെ പിന്തുണ ആവോളം അൻവർ ആർജിച്ചെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തിന്റെ വലിയ പിന്തുണ നേടിയെടുക്കുവാൻ അൻവറിന്റെ ഈ പോരാട്ടത്തിന് കഴിഞ്ഞു. ഇപ്പോഴിതാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രമുഖരെ തന്റെ പാളയത്തിൽ എത്തിക്കുവാൻ പരിശ്രമിക്കുകയാണ് അൻവർ.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കോട്ടയത്ത് വെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന സജി തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സജി പിന്തുണച്ചിരുന്നു. സജിയിൽ മാത്രം ഒതുങ്ങുന്നതല്ല തൃണമൂൽ കോൺഗ്രസിലേക്കുള്ള പ്രമുഖരുടെ ലിസ്റ്റ്.
ബിജെപിയുടെ മുതിർന്ന നേതാവ് സി കെ പത്മനാഭനും അൻവറിനൊപ്പം ചേരുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. അദ്ദേഹം നിരന്തരം ബിജെപിക്കെതിരെ സമീപകാലത്ത് രംഗത്ത് വന്നിരുന്നു. കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച നേതാവായിരുന്നു സി കെ പത്മനാഭൻ. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനായ സി കെ പത്മനാഭന് പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും വലിയ സ്വീകാര്യതയാണ് ഉള്ളത്. അദ്ദേഹം ബിജെപി വിട്ട് തന്റെ പാർട്ടിയിൽ ചേർന്നാൽ ബിജെപിയിൽ നിന്നും പലരെയും അടർത്തിയെടുക്കുവാൻ കഴിയുമെന്ന് അൻവർ കരുതുന്നു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ എ പി അബ്ദുള്ളക്കുട്ടിയും ബിജെപി ബന്ധം ഉപേക്ഷിച്ച് തൃണമൂലിനൊപ്പം ചേരുമെന്നും പറയപ്പെടുന്നു. ആദ്യം കോൺഗ്രസിൽ ആയിരുന്നു അബ്ദുള്ളക്കുട്ടി. പിന്നീട് സിപിഎമ്മിലേക്ക് ചെക്കേറി. ഒടുവിൽ ബിജെപിയിൽ അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ സംഘപരിവാറിന്റെ പല നിലപാടുകളോടും അദ്ദേഹത്തിന് വിരുദ്ധ അഭിപ്രായമുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെയാണ് അബ്ദുള്ളക്കുട്ടി പുതിയ മേച്ചിൻ പുറങ്ങൾ തേടുന്നത്. പക്ഷേ ഇത് സംബന്ധിച്ച യാതൊരു പ്രതികരണവും സി കെ പത്മനാഭനും എ പി അബ്ദുള്ളക്കുട്ടിയും നാളിതുവരെ നടത്തിയിട്ടില്ല.
അൻവറിനൊപ്പം കൂടുമെന്ന് പറയപ്പെടുന്ന മറ്റൊരു പേര് കുന്നത്തൂരിലെ നിലവിലെ എംഎൽഎയായ കോവൂർ കുഞ്ഞുമോന്റെതാണ്. അടുത്തുതവണ സ്വാഭാവികമായും കുന്നത്തൂരിൽ സിപിഎം കുഞ്ഞുമോന് സീറ്റ് നൽകുവാൻ സാധ്യതയില്ല. അങ്ങനെ വരുമ്പോൾ വഴിയാധാരം ആകാതിരിക്കുവാനാണ് തൃണമൂൽ വഴി യുഡിഎഫിലേക്ക് കുഞ്ഞുമോനും എൻട്രി നോക്കുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഇ പി ജയരാജനും അൻവറുമായി വിവിധ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അൻവറിന്റെ സമീപകാല പ്രവർത്തനങ്ങൾ പലതും സിപിഎമ്മിന് എതിരായ രാഷ്ട്രീയ ചാട്ടുളികളായി മാറുകയായിരുന്നു.
യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായതോടെ മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. കരുളായി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. “പി.വി അൻവറിന് ഇടതുപക്ഷത്തിന്റെ ഒരു രോമം പോലും ഇളക്കാനാവില്ലെന്ന്” പ്രസംഗിച്ചു നടക്കുന്ന ഇടതുപക്ഷ നേതാക്കൾക്ക് ഈ വിജയം സമർപ്പിക്കുന്നുവെന്ന് ആയിരുന്നു അന്നത്തെ അൻവറിന്റെ പ്രതികരണം. ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ് ഇതിനെതിരെ ആയിരുന്നു അൻവറിന്റെ പ്രതികരണം. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അൻവർ പറയുന്നത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറയുന്നു.
തൃണമൂൽ കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാണെന്ന് വിശ്വസിക്കുന്നില്ലെന്നും കല്ലും മുള്ളും പാമ്പും നിറഞ്ഞ വഴിയിലൂടെ പിണറായിസത്തിനെതിരെ പോരാടുമെന്നും പി വി അൻവർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, അൻവറിന്റെ മുന്നോട്ടു പോക്കിൽ സിപിഎം കേന്ദ്രങ്ങൾ തികഞ്ഞ ആശങ്കയിലാണ്. തങ്ങളിൽ നിന്നും ആരൊക്കെയാണ് അൻവറിനൊപ്പം ചേരുക എന്ന ആശങ്കയാണ് ഇപ്പോൾ സിപിഎമ്മിനെ ബാധിച്ചിരിക്കുന്നത്.