ദോഹ: പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ വിലക്കി ഖത്തർ എയർവേസ്. ലബനാനിലെ പേജർ, വാക്കി ടോക്കി പൊട്ടിത്തെറിക്കു പിന്നാലെയാണ് ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കരുതുന്നത് വിലക്കിയിരിക്കുന്നത്. നിർദേശം വ്യാഴാഴ്ച തന്നെ പ്രാബല്യത്തിൽ വന്നതായി ഖത്തർ എയർവേസ് അറിയിച്ചു.
ലബനാൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെത്തുടർന്നാണ് ബെയ്റൂത്തിലെ റഫീഖ് ഹരിരി ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കരുതുന്നത് വിലക്കിയത്.
യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇവ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ നിരോധനം തുടരും.