ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പർ യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വന്നത്.
ഈ വിഷയത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയിരുന്നു. ഇത് ഗൗരവകരമായ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതലയോഗം ചേരും.
ചോദ്യപേപ്പർ അച്ചടിച്ചതിൽ ഏതേലും തരത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നിരിക്കുന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി തന്നെയാണ് യൂട്യൂബ് ചാനലില്‍ നൽകിയിരുന്നത്. ഇതിന് മുൻപ് ഓണ പരീക്ഷയുടെ സമയത്തും ചോദ്യപേപ്പർ ചോർന്നിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ഇപ്പോൾ കർശനമാക്കിയിരിക്കുന്നത്.