ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി. തമിഴ്നാട് സംസ്ഥന അധ്യക്ഷന്‍ കെ അണ്ണാമലൈ. കൃത്യതയുള്ള കാര്യമാണ് അശ്വിൻ പറഞ്ഞതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും അത് സൗകര്യപ്രദമായ ഭാഷയാണെന്നും അണ്ണാമലൈ വ്യക്തമാക്കി. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികഭാഷ മാത്രമാണെന്നും കഴിഞ്ഞ ദിവസമാണ് രവിചന്ദ്രന്‍ അശ്വിന് പറഞ്ഞത്.
‘ശരിയാണ്. അത് നമ്മുടെ രാഷ്ട്രഭാഷയല്ല. എന്റെ പ്രിയസുഹൃത്ത് അശ്വിന് മാത്രമല്ല, അണ്ണാമലൈയും അത് നിങ്ങളോട് പറയുകയാണ്. അത് രാഷ്ട്രഭാഷയല്ല. അതൊരു പാലമായി പ്രവര്‍ത്തിക്കുന്ന ഭാഷയാണ്. അതൊരു സൗകര്യപ്രദമായ ഭാഷയാണ്.’ -അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആര് അശ്വിന് ഹിന്ദി ഭാഷയെ കുറിച്ച് പരാമര്‍ശം നടത്തിയത്. താരത്തിനെതിരെ ചില ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.