കോട്ടയം: ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ കോളേജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനും സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചുമത്തും.
ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം.