അഹമ്മദാബാദ്: ഗുജറാത്തിലെ നേതാക്കന്മാർക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ബിജെപിയുമായി പ്രവർത്തിക്കാൻ പുലർത്താൻ ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്താൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പാർട്ടിയിൽ രണ്ടുതരം വ്യക്തികളാണുള്ളത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരും ബിജെപിയുമായി ബന്ധം പുലർത്തുന്നവരും. ഇതിൽ ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുതിർന്ന നേതാക്കളുടെയും ജില്ലാ, ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും ഹൃദയത്തിൽ കോൺഗ്രസ് ഉണ്ടാകണം. സംഘടനയുടെ നിയന്ത്രണം ഇവരുടെ കൈകളിൽ ഉണ്ടായിരിക്കണം. എങ്കിൽ ഗുജറാത്തിലെ ജനങ്ങൾ സംഘടനയിൽ ചേരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.