അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസിനും രാഹുൽഗാന്ധിയുടെ ആശംസ കത്ത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ അമരക്കാരനായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസ് ഡൊണാൾഡ് ട്രംപിനോട് പരാജയം സ്വീകരിച്ചിരുന്നു.
ഇപ്പോൾ ഇരുവർക്കും ആശംസയറിയിച്ചിരിക്കുകയാണ് രാഹുൽഗാന്ധി. ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നത്. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകുമെന്നും രാഹുൽ കത്തിൽ അഭിപ്രായപ്പെട്ടു.
പ്രസിഡന്‍ഷ്യല്‍ ഇലക്ഷനിൽ വീറോടെ പോരാടിയ കമല ഹാരിസിനെ അഭിനന്ദിച്ചുകൊണ്ടും രാഹുൽ കത്തയച്ചു. ജോ ബൈഡന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യയും യുഎസും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധത ഈ സൗഹൃദത്തെ ഇനിയും മുന്നോട്ട് നയിക്കും എന്ന് കമലക്കുള്ള കത്തിൽ രാഹുൽ പരാമർശിച്ചു.