ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ചിത്രം വേട്ടയ്യൻ. 33 വര്‍ങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. ഒക്ടോബർ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രജനിക്കും ബച്ചനും പുറമെ മലയാളി താരങ്ങളായ മഞ്ജു വാരിയർ, ഫഹദ് ഫാസിൽ എന്നിവരും പടത്തിൽ പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ട്. റിലീസിനോടടുക്കുമ്പോൾ അഭിനേതാക്കൾ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പ്രമുഖ എന്റർടെയൻമെന്റ് സൈറ്റാണ് താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടത്. വേട്ടയ്യനായി സൂപ്പർസ്റ്റാർ രജനികാന്ത് 100 മുതൽ 200 കോടിവരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. വേട്ടയ്യനായി അമിതാഭ് ബച്ചൻ വാങ്ങുന്നത് 7 കോടി രൂപയാണ്. പുഷ്പ, വിക്രം, മാമന്നന്, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ഒരുപാട് റീച്ചുണ്ടായതിന് പിന്നാലെ താരമൂല്യം ഉയർന്ന ഫഹദ്, ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് കോടി രൂപയാണ് നടന് റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. പ്രധാന റോളിലെത്തുന്ന മലയാളി താരം മഞ്ജു വാരിയർ 85 ലക്ഷം രൂപയാണ് ചിത്രത്തിനായി വാങ്ങിക്കുന്നതെന്നും റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എൻക്കൗണ്ടർ സ്പെഷ്യലിസ്റ്റായാണ് രജനികാന്ത് സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദറാണ് മ്യൂസിക്ക് വിഭാഗം കൈകാര്യം ചെയ്യുന്നത്. ‘വേട്ടയ്യൻ’ സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. ടി. ജി ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകൻ.