സംസ്ഥാനത്ത് വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സിനിമകളിൽ പ്രദർശിപ്പിക്കുന്ന കാര്യങ്ങളും സ്വാധീനിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണ വിധേയമാക്കണമെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അടുത്ത കാലത്തിറങ്ങിയ ചില സിനിമകൾ ചെറുപ്പക്കാരെ വലിയ തോതിൽ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണെന്നും ആർഡിഎക്സ്, കൊത്ത, മാർക്കോ പോലുള്ള സിനിമകളുടെ പേരും അദ്ദേഹം എടുത്തു പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് അപകടമാണ്.
മദ്യവും മറ്റ് ലഹരിമരുന്നുകളും ഉപയോഗിക്കുകയും അക്രമങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന സിനിമകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും അതിൽ നിയന്ത്രണങ്ങൾ ഉണ്ടാവുകയും ചെയ്യണം. ഇത്രയും സംഭവങ്ങൾ നടന്നിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ അടുത്തിടെയായി വർധിച്ചു വരുന്ന കൂട്ടക്കൊലകളിലും അക്രമങ്ങളിലും ലഹരി ഉപയോഗത്തിന്റെ സ്വാധീനം വളരെ വ്യക്തമാണ്. സിനിമ വലിയ തോതിൽ സമൂഹത്തെ സ്വാധീനിക്കുന്ന ഘടകമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരെ. ഈ സാഹചര്യത്തിലാണ് സിനിമയിലെ ആക്രമണ ലഹരി ഘടകങ്ങൾ ചർച്ചചെയ്യപ്പെടുന്നത്.