കൊച്ചി: ബലാത്സംഗക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ നടന് സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലോ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് സാധ്യത കൂടുതല്‍. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. സാധാരണ അന്വേഷണസംഘം നോട്ടീസ് നല്കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം.
ഇന്നലെയാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാലാശ്വാസമായി അറസ്റ്റ് തടഞ്ഞത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിദ്ദിഖ് സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.