ഇടുക്കി: അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്ററായ പി.എൽ. ഷാജിക്കെതിരെ പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിന് പൊലീസ് കേസെടുത്തു. 2021-ൽ വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നിടെയാണ് 2022 ഓഗസ്റ്റ് മുതൽ പ്രതി നിരന്തരം ബലാത്സംഗം ചെയ്തുവെന്ന പുതിയ പരാതി ഉയർന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി ഇരയെ ഫോൺവിളിച്ചു ഭീഷണിപ്പെടുത്തിയെന്നും വിശ്വാസം നേടിക്കൊണ്ട് പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. 2025 ജനുവരിയിൽ ഷാജി അതിജീവിതയോട് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ സംഭവം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിരുന്നു.
സംഭവം ഗൗരവതരമായി കണ്ട ഐജി, ഷാജിയെ സസ്പെൻഡ് ചെയ്തു. തുടര്ന്ന്, അതിജീവിതയുടെ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുകയാണ്. കേസിന്റെ കൂടുതൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.