തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം.
ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ എം ആര് അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സിപിഐ, എന്‍സിപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ ഇന്നലത്തെ മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.