സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – പുതുവത്സര ബമ്പർ ടിക്കറ്റ് റെക്കോഡ് വില്പന തുടരുന്നു. 40 ലക്ഷം ടിക്കറ്റുകളിൽ ഇന്നലെ (ജനുവരി – 23) വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് -പുതുവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ അധികമായി ഇത്തവണ വിറ്റു പോയി.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് 6,95,650 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിച്ചത്. 3,92,290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് 3,60,280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയാണ്. ടിക്കറ്റ് വില 400 രൂപയാണ്. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്.