കണ്ണൂര്‍ : മാടായി സഹകരണ കോളജില്‍ സി പി എം അനുഭാവികളെ നിയമിക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ കടുത്ത നിലപാടുമായി നേതാക്കള്‍. എം കെ രാഘവന് എം പി ചെയര്‍മാനായ മാടായി കോളജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി ബന്ധുവും സി പി എം അനുഭാവികളുമായവര്ക്ക് നിയമനം നല്കാന് തീരുമാനിച്ചെന്ന ആരോപണത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഡി സി സി സെക്രട്ടറിയടക്കം രാജിവെക്കുമെന്ന് ഭീഷണി.
പയ്യന്നൂര്‍, കല്യാശ്ശരി മണ്ഡലം കമ്മിറ്റികളാണ് രാജി ഭീഷണിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന കോളജില്‍ കോണ്‍ഗ്രസുകാരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും അവരെ പരിഗണിക്കാതെ സി പി എം അനുഭാവികളെ നിയമിക്കുന്നത് കടുത്ത വഞ്ചനയാണെന്നാണ് നേതാക്കളുടെ ആരോപണം.

എം കെ രാഘവന്റെ സ്വന്തം താല്പര്യം അടിച്ചേല്‍പ്പിക്കുന്നതിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നാണ് മണ്ഡലം ഭാരവാഹികളുടെ നിലപാട്. കമ്മിറ്റി ഒന്നടങ്കം രാജിവെക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ഇടപെടണമെന്നും പാര്‍ട്ടി നടപടി പിന്‍വലിക്കണമെന്നുമാണ് വിമതവിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം മാടായി സഹകരണ കോളജില്‍ എത്തിയ ചെര്‍മാന്‍കൂടിയായ എം കെ രാഘവന് എം പിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത് വലിയ വിവാദമായിരുന്നു. ഇന്റവ്യൂ നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു എം കെ രാഘവന്.
എം കെ രാഘവന്റെ ബന്ധുവായ കുഞ്ഞിമംഗലം സ്വദേശിയെ നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 300 ല്‍ പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് കെ പി സി സിക്കും എ ഐ സി സിക്കും നല്‍കിയിരുന്നു.
എന്നാല്‍ പ്രവര്‍ത്തകരുടെ വിയോജിപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് നിയമന നടപടികളുമായി ഭരണസമിതി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതോടെയാണ് പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുന്നത്.