ന്യൂഡൽഹി: ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഫവാദ് ഖാൻ, മാഹിറ ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി പാക്കിസ്ഥാൻ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ദ ലെജൻഡ് ഓഫ് മൗല ജട്ട്’ ഇന്ത്യയില്‍ റിലീസിന് ഒരുങ്ങുന്നു. പഞ്ചാബിലാണ് ചിത്രം റിലീസ് ചെയ്യുക.
2022ൽ ഇറങ്ങിയ ചിത്രം ഒക്ടോബർ രണ്ടിനാണ് ഇന്ത്യൻ ബിഗ് സ്ക്രീനിലെത്തുന്നത്. ബിലാൽ ലഷാരി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പാക്കിസ്ഥാൻ തിയേറ്ററുകളിൽ പ്രദർശനത്തിനുണ്ട്. വാരാന്ത്യങ്ങളിൽ ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ചിത്രം. ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന്റെ സന്തോഷം സംവിധായകൻ ബിലാൽ ലഷാരിയും നടി മാഹിറ ഖാനുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
പാക്കിസ്ഥാനി ക്ലാസിക് ചിത്രം മൗല ജട്ടിന്റെ റീമേക്കാണ് ബിലാൽ ഒരുക്കിയത്. മൗല ജട്ടും നൂരി നട്ടും തമ്മിലുള്ള ശത്രുതയും പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൗല ജട്ടായി ഫവാദ് ഖാനും നൂരി നട്ടായി ഹംസ അലി അബ്ബാസിയുമാണ് വേഷമിട്ടത്.
2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിൽ ജോലി ചെയ്യുന്ന പാക് കലാകാരന്മാർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാരെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതും ജോലി ചെയ്യുന്നതും പൂർണമായി വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി 2023 നവംബറിൽ തള്ളിയിരുന്നു.
നേരത്തെ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചവരാണ് ഫവാദ് ഖാനും മാഹിറ ഖാനും. യേ ദിൽ ഹെ മുഷ്കിൽ, കപൂർ ആൻഡ് സൺസ്, ഖൂബ്സൂരത് തുടങ്ങിയ ചിത്രങ്ങളിൽ ഫവാദ് വേഷമിട്ടപ്പോൾ ഷാറൂഖ് ചിത്രം റയീസിലൂടെയായിരുന്നു മാഹിറയുടെ ബോളിവുഡ് അരങ്ങേറ്റം.