കോൺഗ്രസ് ഒരിക്കലും ആ പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കൽപോലും ഇതുപോലെ ഒരു മാധ്യമ സ്ഥാപനത്തെയും ബഹിഷ്കരിച്ചിട്ട് ഉണ്ടാകില്ല. റിപ്പോർട്ടർ ചാനലിനെതിരായ കോൺഗ്രസ് ബഹിഷ്കരണത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. ചാനൽ ബഹിഷ്കരണം 100 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അതായത് കഴിഞ്ഞ 100 ദിവസമായി കോൺഗ്രസിന്റെ പ്രതിനിധികൾ ഒന്നും തന്നെ ചർച്ചകളിൽ അടക്കം റിപ്പോർട്ടർ ചാനലുമായി സഹകരിക്കുന്നില്ല.
പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ബഹിഷ്കരണം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ അന്ന് രൂക്ഷമായി തുറന്നടിച്ചിരുന്നു. കെ സുധാകരന് പുറമേ ഇന്ന് മാത്യു കുഴൽനാടൻ എംഎൽഎയും ചാനലിനെതിരായ യുദ്ധത്തിന് മുൻനിരയിൽ തന്നെയുണ്ട്. പാതിവില സ്കൂട്ടർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാത്യുവിന് പങ്കുണ്ടെന്ന തരത്തിൽ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴൽനാടൻ നിയമനടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലും ചാനലിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇതും കോൺഗ്രസ് പ്രവർത്തകരിൽ കൂടുതൽ ആവേശം നൽകിയിട്ടുണ്ട്. വി ഡി സതീശന് എതിരായ നിരന്തര വാർത്തകളിലും പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തി ഉണ്ടായിരുന്നു. അതേസമയം ചാനൽ ബഹിഷ്കരണം പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ടർ അവരുടെ നയം തിരുത്താത്ത മട്ടാണ്. അതുകൊണ്ടുതന്നെ പ്രവർത്തകർക്കും നേതാക്കൾക്കും രോക്ഷം വർദ്ധിച്ചു തന്നെ വരികയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു.
അന്ന് ചാനൽ പ്രതിനിധികൾ ക്ഷമാപണം പറഞ്ഞ ശേഷം ആയിരുന്നു പ്രശ്നങ്ങൾ അവസാനിച്ചത്. എന്നാൽ ഇന്ന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുകൂട്ടർക്കും ഇടയിൽ തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്. മാനേജ്മെന്റ് നിരന്തരം വിവാദങ്ങളിൽ പെടുന്നതും അവർ ഉൾപ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയർത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറി. കലോത്സവ സമയത്തെ റിപ്പോർട്ടിംഗ് ചാനൽ മേധാവി അരുൺകുമാറിനെ ഉൾപ്പെടെ കോടതി വരാന്ത കയറ്റിയിരുന്നു.
അതിനുപുറമേ വെഞ്ഞാറമൂട്ടിൽ കൊലപാതക റിപ്പോർട്ടിങ്ങും രൂക്ഷവിമർശനത്തിന് ഇടവരുത്തിയിരുന്നു. മാധ്യമ രംഗത്തുള്ളവർക്കും ചാനലിനോട് അത്രകണ്ട് നല്ല അഭിപ്രായമല്ല ഉള്ളത്. കോൺഗ്രസിന് ചാനലിനോടുള്ള എതിർപ്പ് തുടങ്ങുന്നത് എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയൂവെന്ന തരത്തിൽ ചാനൽ പ്രതിനിധി റോഷി പാൽ നടത്തിയ റിപ്പോർട്ടിംഗ് മുതലാണ്. ചാനൽ പ്രതിനിധിയുടെ റിപ്പോർട്ടിങ്ങിനെ മാനേജ്മെന്റ് കൂടി അനുകൂലിച്ചപ്പോൾ കോൺഗ്രസും നിലപാട് കടുപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ ചാനൽ പ്രതിനിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച കോൺഗ്രസ് സൈബർ പോരാളികൾക്കെതിരെ മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമായത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ കോൺഗ്രസ് ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിന്നാൽ അത് ഗുണകരമാകില്ലെന്ന വിലയിരുത്തൽ എഡിറ്റോറിയൽ ബോർഡിന് ഉണ്ടെങ്കിലും തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യമാണ് നിലവിൽ റിപ്പോർട്ടറിനുള്ളത്. സ്വഭാവികമായും എല്ലാ ശബ്ദങ്ങളും ഉണ്ടെങ്കിൽ മാത്രമേ ചാനലിന് കാഴ്ചക്കാർ ഉണ്ടാകൂ.
നിലവിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കാത്തത് കൊണ്ട് തന്നെ ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണം കുറവാണ്. പ്രത്യേകിച്ച് അന്തി ചർച്ചകൾ കാണുന്നവരുടെ എണ്ണം നന്നേ കുറവാണ്. കോൺഗ്രസിനെ പിണക്കി റിപ്പോർട്ടർ ചാനലിന് എത്രകാലം മുന്നോട്ടു പോകുവാൻ കഴിയുമെന്നാണ് മാധ്യമമേഖലയിൽ ഉൾപ്പെടെ ഇന്നുള്ള ചർച്ച. കോൺഗ്രസ് രാഷ്ട്രീയത്തോട് ആഭിമുഖ്യം ഉള്ളവരും റിപ്പോർട്ടർ ചാനലിന്റെ ഭാഗമായിട്ടുണ്ട്. അവരെല്ലാം ഏറെക്കുറെ നിരാശനാണ്.
പലതരത്തിലുള്ള ഇടപെടലുകൾ നടത്തിയെങ്കിലും പ്രവർത്തകരുടെ വികാരം ചാനലിന് എതിരായതു കൊണ്ട് തന്നെ നേതാക്കൾ നിലപാട് മാറ്റാൻ തയ്യാറാകാത്ത സ്ഥിതിയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്റെ ഭാര്യ റിപ്പോർട്ടർ ചാനലിൽ നിർണായക പദവി വഹിക്കുന്ന ഒരാളാണ്. ഉണ്ണി ബാലകൃഷ്ണനും പല ഘട്ടങ്ങളിലും കോൺഗ്രസ് രാഷ്ട്രീയത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്ന ആളുമാണ്. സ്മൃതി പരുത്തിക്കാടിന്റെ നിലപാടുകളും പല ഘട്ടങ്ങളിലും കോൺഗ്രസിനോട് ചേർന്നിട്ടുള്ളതാണ്.
അത്തരത്തിൽ സിപിഎമ്മിന്റെയും സർക്കാരിന്റെയും തെറ്റായ നയകളെ ചൂണ്ടിക്കാട്ടുന്നവർ ചിലർ ചാനലിൽ അവശേഷിക്കുമ്പോൾ ബഹിഷ്കരണം തുടരുന്നത് ശരിയല്ലെന്ന നിലപാടും ചില കോൺഗ്രസുകാർക്ക് ഉണ്ട്. പക്ഷേ ഈ നിലപാടുമായി ചെന്നാൽ സൈബർ കോൺഗ്രസുകാർ നല്ലതു രണ്ട് പറയുവാൻ ആണ് സാധ്യത. ഇത് കേൾക്കുവാൻ വേണ്ടി കോൺഗ്രസ് നേതാക്കൾ ആരെങ്കിലും തയ്യാറാകുമോ എന്നത് സംശയമാണ്.